Friday, July 16, 2010
ഓസ്‌ട്രേലിയ കുടിയേറ്റ നിയമം പരിഷ്‌കരിക്കുന്നു
തൊഴിലും വിദ്യാഭ്യാസവും തേടിയെത്തുന്നവരെ നിയന്ത്രിക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കുടിയേറ്റ നിയമം പരിഷ്‌കരിക്കുന്നു. പുതിയ നിയമം ജൂലായ് ഒന്നു മുതല്‍ നടപ്പാകും. പ്രധാനമായും ഇന്ത്യന്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ചാണ് പരിഷ്‌കാരം.
അപ്രധാനമായ കോഴ്‌സുകളില്‍ ചേര്‍ന്ന് ഓസ്‌ട്രേലിയയില്‍ ചിലര്‍ സ്ഥിരതാമസം ഉറപ്പാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കുടിയേറ്റ നിയമം പരിഷ്‌കരിക്കുന്നതെന്ന് കുടിയേറ്റ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വൈദഗ്ധ്യമുള്ളവരുടെ സേവനം ഉറപ്പാക്കിക്കൊണ്ടുള്ള പരിഷ്‌കരിച്ച 'തൊഴില്‍പ്പട്ടിക' ഓസ്‌ട്രേലിയയില്‍ ജൂലായ് ഒന്ന് മുതല്‍ നടപ്പിലാക്കും. നേരത്തെയുണ്ടായിരുന്ന തൊഴില്‍ പട്ടികയിലെ 400 തൊഴിലുകള്‍ 181 ആയി ചുരുങ്ങി.
പാചകം, ഹെയര്‍ ഡ്രസ്സിങ്, സാമൂഹ്യക്ഷേമം എന്നീ മേഖലകളിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. ഇത്തരം മേഖലകളിലുള്ള കോഴ്‌സുകളില്‍ ചേരാനും ധാരാളം ഇന്ത്യക്കാര്‍ എത്താറുണ്ട്. രണ്ട് വര്‍ഷത്തെ പഠനത്തിന് ശേഷം പലരും ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിനുള്ള വിസ ഉറപ്പാക്കുകയാണ് പതിവ്. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിനുള്ള വഴിയായാണ് പലരും ഇതിനെ പരിഗണിച്ചിരുന്നത്. ഇത് ഓസ്‌ട്രേലിയക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ കുറയ്ക്കുകയും പലപ്പോഴും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണത്തിനു നിമിത്തമാവുകയും ചെയ്യുന്നു.
കഴിഞ്ഞ ഫിബ്രവരി 9 മുതല്‍ സ്റ്റുഡന്റ്‌സ് വിസ ലഭിച്ചവര്‍ക്കും പുതിയ നിയമം ബാധകമാണ്. സാമൂഹികക്ഷേമം, പാചകം, മുടിവെട്ടല്‍ എന്നീ വിഭാഗങ്ങളിലെ കോഴ്‌സുകള്‍ തിരഞ്ഞെടുത്തവര്‍ക്ക് സ്ഥിരതാമസത്തിനുള്ള വിസ ലഭിക്കില്ല. എന്നാല്‍ ഇതിന് മുമ്പ് വിസ നേടി പഠനം ആരംഭിച്ചവര്‍ക്ക് സ്ഥിരതാമസത്തിനായുള്ള അപേക്ഷനല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2012 ഡിസംബര്‍ 31 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ചെറുകിട മേഖലയിലേക്ക് തൊഴില്‍ തേടിയെത്തുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ കുറഞ്ഞ വേതനത്തിന് തൊഴിലെടുക്കാന്‍ തയ്യാറാകുന്നത് ഓസ്‌ട്രേലിയന്‍ പൗരന്മാരുടെ തൊഴിലവസരങ്ങള്‍ കുറയ്ക്കുന്നതായി ഓസ്‌ട്രേലിയന്‍ കുടിയേറ്റ മന്ത്രാലയം വ്യക്തമാക്കി.
''പാചകം അടക്കമുള്ള കോഴ്‌സുകളിലേക്ക് തുടക്കത്തില്‍ ആവശ്യക്കാര്‍ ഏറെയായിരുന്നു. എന്നാല്‍ ഇത്തരം കോഴ്‌സുകളില്‍ ചേര്‍ന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ജോലി കിട്ടാനുള്ള അവസരം കുറയുകയും ഇത് ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടവരുത്തുകയും ചെയ്തിട്ടുണ്ട്'' - പ്രമുഖ കണ്‍സള്‍ട്ടന്‍സി ഏജന്‍സിയായ ഓഷ്യാനിക് കണ്‍സള്‍ട്ടന്‍സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നരേഷ് ഗുലാത്തി പറഞ്ഞു.
എന്നാല്‍ ഉയര്‍ന്ന പ്രൊഫഷണല്‍ കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ജോലി ഉറപ്പാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
ഓസ്‌ട്രേലിയയില്‍ സ്ഥിര താമസമുറപ്പിക്കുന്നതിനായി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കുമെന്ന് കുടിയേറ്റ വകുപ്പ് മന്ത്രി ക്രൈസ് ഇവാന്‍സ് നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു. അതേ സമയം, രാജ്യത്തിന്റെ പുരോഗതിക്ക് സഹായമാകുന്നവരുടെ സേവനം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്തിടെ ഇംഗ്ലണ്ടും വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ച് കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്തിയിരുന്നു. ഉന്നത പഠനത്തിനായി ഇംഗ്ലണ്ടിലെത്തുന്നവരുടെ സേവനം രാജ്യത്തിന് തന്നെ ഉറപ്പാക്കുന്ന നയമാണ് സ്വീകരിച്ചത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment