ബജാജ് അലയന്‍സ് സംഘടിപ്പിക്കുന്ന അലയന്‍സ് ജൂനിയര്‍ ഫുട്ബോള്‍ ക്യാമ്പിലേക്കുള്ള സെലക്ഷന്‍ വ്യാഴാഴ്ച തുടക്കമാവും.ഈമാസം ഒമ്പതുവരെ തുടരുന്ന സെലക്ഷനില്‍ കേരളത്തിലെ ആറു നഗരങ്ങളിലുള്ള 60 സ്കൂളുകളിലെ പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.14 മുതല്‍ 16 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ അവസരം.
സ്കൂളില്‍ നിന്നുള്ള പ്രതിഭകള്‍ക്ക് കൊച്ചി, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നി നഗരങ്ങളില്‍ മത്സരിക്കും. തുടര്‍ന്ന് പ്രമുഖ അന്താരാഷ്ട്ര താരങ്ങളും കോച്ചുകളും ചേര്‍ന്ന് എറണാകുളം മഹാരാജസ് സ്റ്റേഡിയത്തില്‍ സംസ്ഥാന തല തെരഞ്ഞെടുപ്പ് നടത്തും. അലയന്‍സ് ജൂനിയര്‍ ഫുട്ബോള്‍ ക്യാമ്പിലേക്കുള്ള അംഗങ്ങളെ ഇവരില്‍നിന്നായിരിക്കും തെരഞ്ഞെടുക്കുക.
ജൂനിയര്‍ ക്യാമ്പില്‍നിന്നുള്ള ആറുപേര്‍ക്ക് ലോക പ്രശസ്ത ഫുട്ബോള്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിച്ച് ആതിഥേയത്വം നല്‍കുന്ന രണ്ടാമത് ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിക്കും. ഒരാളെ ഓണ്‍ലൈന്‍ മത്സരം വഴിയും തെരഞ്ഞെടുക്കും. ഒക്ടോബര്‍ 13 മുതല്‍ 17 വരെ ജര്‍മനിയിലെ മ്യൂണിച്ചിലാണ് ക്യാമ്പ് നടക്കുന്നത്. ക്ലബ്ബിന്റെ കോച്ചുകള്‍ക്ക് കീഴില്‍ സ്വന്തം ഗ്രൗണ്ടില്‍ പരിശീലന നടത്താന്‍ ഇവര്‍ക്ക് സൗകര്യം ലഭിക്കും.
അലയന്‍സ് അരീനയില്‍ നടക്കുന്ന മത്സരം കാണാനും അവസരമുണ്ടാകും. ഇതിനുപുറമെ വിഖ്യാത ഫുട്ബോള്‍ താരങ്ങളായ ഫ്രാങ്ക് റിബേറി, ആര്‍ജന്‍ റോബന്‍, ബസ്റ്റ്യാന്‍ ഷെവിന്‍സ്റ്റെയ്ഗര്‍, മിറോസ്ലാവ് ക്ലോസ്, തോമസ് മുള്ളര്‍ തുടങ്ങിയ ക്ലബ്ബ് താരങ്ങളെ കാണാനും അസുലഭ ഭാഗ്യമുണ്ടാകും. മ്യൂണിച്ചിലൂടെ വിനോദയാത്രയും സംഘടിപ്പിക്കുന്നുണ്ട്.
ഒടുവിലായി ക്യാമ്പിലെ അഞ്ചുപേര്‍ തിരിഞ്ഞുള്ള ടൂര്‍ണമെന്റും സംഘടിപ്പിക്കും. മുന്‍ താരങ്ങളും കോച്ചുകളുമായ സി സി ജേക്കബ്, വിക്ടര്‍ മഞ്ഞില, കെ പി സേതുമാധവന്‍, രഞ്ജി ജേക്കബ്, തോബിയാസ്, ഗോപാല്‍ കൃഷ്ണ എന്നിവരായിരിക്കും കേരളത്തില്‍നിന്നുള്ളവരെ തെരഞ്ഞുടുക്കുകയെന്ന് സംഘാടകരായ ബജാജ് അലയന്‍സിന്റെ കൊച്ചി സീനിയര്‍ റീജിയണല്‍ മാനേജര്‍ സുരേഷ് ശ്രീധരന്‍ അറിയിച്ചു. ഫുട്ബോളിനോടുള്ള ആവേശം ഉജ്വലമാക്കിനിര്‍ത്തുവാന്‍ ജൂനിയര്‍ ഫുട്ബോള്‍ ക്യാമ്പ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment